കോട്ടയം: പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണമുണ്ണാന്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നു ജില്ലയിലേക്ക് എത്തുന്നവരെ കൊള്ളയടിക്കാന്‍ സ്വകാര്യബസ് ലോബി. ജില്ലയില്‍നിന്ന് യുവാക്കളടക്കമുള്ള നിരവധിപ്പേരാണ് ബംഗളൂരു, ചെന്നൈ, മംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ഐടി മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നത്. ഓണക്കാലത്ത് ഭൂരിഭാഗം പേരും കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ നാട്ടിലെത്തും. ഇവരില്‍ നല്ലൊരു ശതമാനം പേര്‍ക്കും ട്രെയിനില്‍ ടിക്കറ്റ് കിട്ടില്ല. ഇതോടെ എല്ലാവരുടെയും ആശ്രയം ഇതര സംസ്ഥാനത്തേക്ക് സര്‍വീസ് നടക്കുന്ന സ്വകാര്യബസുകളാണ്.
സാധാരണയായി 600 മുതല്‍ 2000 രൂപ വരെയുള്ള കോട്ടയം-ബംഗളൂരു റൂട്ടുകളില്‍ നിരക്ക് ഓണക്കാലത്ത് 2,000 മുതല്‍ 5,000 രൂപ വരെയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടിയിട്ടും ഓണദിവസങ്ങളില്‍ എത്തുന്നതിത് ടിക്കറ്റ് ഓണ്‍ലൈനില്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഡിമാന്‍ഡ് കൂടുന്നതനുസരിച്ചു ബസുകള്‍ ട്രിപ്പുകള്‍ നടത്താറുണ്ട്. ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാക്കനിയായതും സ്വകാര്യ ബസ് ലോബികളുടെ കൊള്ളയ്ക്ക് ആക്കം കൂട്ടുന്നു. നാട്ടില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണം ആഘോഷിച്ചു തിരികെ മടങ്ങാനും ടിക്കറ്റ് നിരക്ക് ഇരട്ടിയാണ്. ബംഗളൂരു-കോട്ടയം റൂട്ടില്‍ ചില സ്വകാര്യ ബസുകള്‍ 4200 രൂപ വരെയാണ് ആവശ്യപ്പെടുന്നതെന്നും പരാതിയുണ്ട്.
ഓണക്കാലത്തെ തിരക്ക് നേരിടാന്‍ കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിട്ടുള്ള സര്‍വീസുകള്‍ പര്യാപ്തമല്ലെന്ന പരാതി ശക്തമാണ്. മലയാളികള്‍ കൂടുതലുള്ള ചെന്നൈയിലേക്ക് കോട്ടയത്തുനിന്ന് നേരിട്ട് കെഎസ്ആര്‍ടിസിക്ക് സര്‍വീസില്ല. സാധാരണദിവസങ്ങളില്‍ കോട്ടയം-ബംഗളൂരു റൂട്ടില്‍ സ്വകാര്യ ബസുകളില്‍ 600 മുതല്‍ 2000 രൂപ വരെയാണ് ഈടാക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ 1500 രൂപ വരെയാണ് നിരക്ക്. അടുത്ത മാസം ആദ്യം കോട്ടയം-ബംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് 981 മുതല്‍ 1423 രൂപ വരെയായിരിക്കുമ്പോള്‍ സ്വകാര്യ ബസുകളില്‍ 4,200 രൂപ വരെ ഈടാക്കുന്നത്.
ഉത്സവ സീസണുകളില്‍ പലപ്പോഴും സ്വകാര്യ ബസുകളില്‍ തിരക്ക് മുതലെടുത്ത് ഡ്രൈവർ കാബിനുകളില്‍ പോലും യാത്രക്കാരെ കുത്തിനിറച്ച് അപകടകരമായിട്ടാണ് യാത്ര ചെയ്യുന്നത്. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ എംവിഡി ഉള്‍പ്പെടെയുള്ളവര്‍ കണ്ണടയ്ക്കുകയാണ്. സീസണുകളില്‍ ട്രെയിനുകളില്‍ അധിക കോച്ചുകളോ പ്രത്യേക സര്‍വീസോ സമയബന്ധിതമായി നടപ്പിലാക്കാതെ ഇവരും ബസ് ലോബിക്ക് സഹായകരമാകുകയാണെന്നും ആരോപണമുണ്ട്.
അതേസമയം കര്‍ണാടക ആര്‍ടിസി ഓണത്തിരക്ക് കുറയ്ക്കാന്‍ കേരളത്തിലേക്ക് 150 പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 21 മുതല്‍ 25 വരെയും 27 മുതല്‍ 30 വരെയും സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓണക്കാലത്തെ യാത്രാക്ലേശം പരിഹരിക്കാന്‍ കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്.
സ്പെഷല്‍ സര്‍വീസ് അനുവദിക്കണം
തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഓണക്കാലത്ത് കെഎസ്ആര്‍ടിസി, ട്രെയിന്‍ സ്പെഷല്‍ സര്‍വീസുകള്‍ കൂടുതലായി വേണമെന്ന ആവശ്യവും ശക്തമാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ പേര് ജോലി ചെയ്യുന്നതും ബംഗളൂര്, ചെന്നൈ, മംഗലാപുരം എന്നിവിടങ്ങളിലാണ്.
ഓണക്കാലത്തെ പല സര്‍വീസുകളിലെയും ടിക്കറ്റുകള്‍ മാസങ്ങള്‍ക്കു മുമ്പേ ബുക്ക് ചെയ്തിരിക്കുന്ന സ്ഥിതിയാണ്. എല്ലാക്കാലത്തും അധിക സര്‍വീസുകള്‍ ഒരുക്കുന്നതില്‍ കെഎസ്ആര്‍ടിസിക്ക് വീഴ്ചയുണ്ടാകുന്നതായും യാത്രക്കാര്‍ ആരോപിക്കുന്നു.